ഭ്രാന്തിയിൽ നിന്നു അമ്മയിലേക്കുള്ള ദൂരം

''ഇവൾ ലീല. ഈ ഗ്രാമത്തിന്റെ രാത്രികൾക്ക് ലീലയുടെ വിയർപ്പിന്റെ ഗന്ധമായിരുന്നു എന്നതു ചരിത്രം''


ഏതൊരു ഗ്രാമത്തിനും സ്വന്തമായി ഒരു അഭിസാരികയുണ്ടാകും..
പകൽ വെളിച്ചത്തിൽ വഴിപിഴച്ചവളെന്ന പഴിയേറ്റുവാങ്ങാനും
ഇരുളിന്റെമറവിൽ ആ ഗ്രാമത്തിന്റെ അടങ്ങാത്ത കാമം ശമിപ്പിക്കാനും ജന്മംകൊണ്ടവർ. ആഡംബര ജീവിതം മൊഹിച്ചിട്ടോ ആടങ്ങാത്ത ശരീര ദാഹം കൊണ്ടൊ അല്ല അവർ കുലടയെന്നെ പേരണിയുന്നത്. നിലമ്പൊത്താറായ കൂരകളിൽ തന്റ്റെ കുഞ്ഞുങ്ങൾ പട്ടിണി കൊണ്ട് ചാകാതിരിക്കാൻ വേണ്ടിയാണു അവർ മടിക്കുത്തഴിച്ചത്. ഇവൾ ലീല. ഈ ഗ്രാമത്തിന്റെ രാത്രികൾക്ക് ലീലയുടെ വിയർപ്പിന്റെ ഗന്ധമായിരുന്നു എന്നതു ചരിത്രം.
എന്റെ കാഴ്ചയിലേക്ക് അവൾ നടന്നു വന്നപ്പൊഴെക്കും ആ ശരീരത്തിൽ നിറയെ ചുളിവുകൾ മാത്രമായിരുന്നു. പ്രതാപകാലത്തിന്റെ  ചരിത്രം പറയാൻ ഒരു കറുത്ത മുടിപോലും അവശേഷിച്ചിരുന്നില്ല ആ തലയിൽ. ഇന്നത്തെ ലീലയ്ക്ക് ശ്രുംഗാരചേഷ്ടകളറിയില്ല നിർവികാരതയാണ് ആ പഴകി ദ്രവിച്ച കണ്ണുകൾക്ക്.നിലതെറ്റിയമനസുമാ‍യി ഒട്ടിയവയറിനോട് ചേർത്തുപിടിച്ച മടിശീലയിൽ ഉണക്കപൊയിലയുമായി ഇടവഴിയിലൂടെ വേഗത്തിൽ നടന്നു നീങ്ങും. ആരെയൊക്കെയോ എന്തിനെയൊക്കെയൊ ഭയന്നിട്ടെന്നവണ്ണം തലകുമ്പിട്ടുള്ള ചടുലമായ നടത്തം. മുന്നിൽ ആ‍രെങ്കിലും വന്നുപെട്ടാൽ അവരെ നോക്കി ഉച്ചതിൽ കൂവും, പിന്നെ ഭൂതകാലത്തിലെവിറ്ടെയൊ എപ്പൊഴൊ ആരൊ അവളൊടു ചോ‍ദിച്ചതിനൊക്കെയുള്ള മറുപടികൾ പറയും തേവിടിച്ചിയുടെ സ്വതന്ത്രമായ ഭാഷയിൽ.
കുട്ടികൾക്ക് ലീലയെ ഭയമാണു സ്കൂൾ വിട്ടുവരുന്ന വഴിയിൽ ലീലയെ കണ്ടാൽ..അവർ ഭയന്നോടും. എന്തിനു മുതിർന്നവർപോലും ഒറ്റക്ക് ലീലയുടെ മുന്നിൽ പെട്ടാൽ അകാരണമായി ഭയക്കാറുണ്ട്.കുമ്പിട്ട തലയുമായി ഓടിയടുക്കുന്ന ലീലയെ എന്നിലും ഭയപ്പാട് സ്രുഷ്ട്ടിച്ചിട്ടുണ്ട്..തൊട്ടരുകിലെത്തി..എന്റെ കണ്ണിലേക്ക് അല്പനേരം തുറിച്ച് നോക്കിയിട്ട് അവൾ ഇളക്കിമറിച്ച് നടന്നകന്നു.അന്നു ആ കണ്ണുകളിൽ ഞാൻ കണ്ടതു പകയായിരുന്നോ?ഈ ലോകത്തോടു മുഴുവനുള്ള പക.
ആദിവസം..ഞാൻ ബൈക്കിൽ പുറത്തേക്ക് ഇറങ്ങുകയായിരുന്നു. വീടിനുമുന്നിലുള്ള ചെറിയ വഴിതിരിഞ്ഞ് മെയിൻ റോഡിലേക്ക് തിരിഞ്ഞു. തകർത്തു പെയ്ത മഴക്ക് ശേഷമുള്ള നിശബ്ദതയിൽ...റോഡ് വിജനമായിരുന്നു..കുറെ മുന്നൊട്ട് പോയശേഷമാണ് ഞാൻ ആ കാഴ്ചകാണുന്നത്.. റോഡ്ന്റെ ഒരു കോണിൽ പുള്ളിക്കുടചൂടിയ ഒരു കൊച്ചുപെൺകുട്ടി എഴൊ എട്ടോ വയസ് പ്രായം വരും അവൾ വിറങ്ങലിച്ച് നിൽക്കുന്നു. അവൾക്കു മുന്നിൽ കുത്തിയിരിക്കുന്ന ലീല വിണ്ടുകീറിയ ചൂണ്ടുകൾക്കിടയിലൂടെ ഒലിച്ചിറങ്ങുന്ന പുകയിലച്ചാറ്. ഞാൻ വണ്ടി നിറുത്തി. ആ കുട്ടിയോടു “മോൾ പൊയ്കോളു അമ്മൂമ്മ ഒന്നും ചെയ്യില്ല” എന്നു പറഞ്ഞു..എന്റെ മുഖത്ത് പോലും നോക്കാൻ കൂട്ടാകാതെ അവൾ ഓടി രക്ഷപെട്ടു.എന്റെ ഈ സംസാരത്തിനിടയിൽ ലീലപറയുന്നതു അവ്യക്തമായെങ്കിലും ഞാൻ   കേൾക്കുന്നുണ്ടായിരുന്നു..’‘എന്റെ മോളെന്തിനാ കരയുന്നെ..മോൾ പൊയ്ക്കൊളു, മോൾ പോ..‘’. എന്തൊക്കെയൊ പിറുപിറുത്തുകൊണ്ടവൾ എഴുന്നേറ്റു..എന്റെ മുഖത്തേക്ക് നോക്കിയ ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അനുവാദമില്ലാതെ വന്നലക്കുന്ന ഒർമകളുടെ ആയിരം മിന്നലാട്ടങ്ങൾക്കിടയിൽ ഒരു മാത്ര കിട്ടിയ സ്ഥലകാല ബോധം ആപ്പൊൾ ചുരത്തിയത് മാത്രു വാത്സല്യമല്ലാതെ മറ്റെന്താണ്. ഒന്നുച്ചത്തിൽ കൂവിയിട്ട് ആ ഭ്രാന്തി നടന്നു തുടങ്ങി.



Comments

Popular posts from this blog

ചാന്ദിനി എന്ന അരവാണി

A Trip to the Land of Brahma Kamal

ഓർമ്മകളിലെ ലക്ഷ്മി