തമിഴന്റെ പെണ്ണ്




ഇഴമുറിയാതെ പെയ്ത മഴയിൽ ലോകമാകെ മാറിയപോലെ..ദുരന്ത വാർത്തകളൊരു പരമ്പരപോലെ വന്നുകൊണ്ടിരിക്കുന്നു.നനഞ്ഞുകുതിർന്ന കൂരകളിൽ വ്യാധികളൊഴിഞ്ഞ നേരമില്ല.ആശുപത്രികിടക്കകൾ നിറഞ്ഞു..ലോഷനും ബ്ലീച്ചിങ് പൌഡറും മണക്കുന്ന വരാന്തകളിൽ കർക്കിടകത്തിന്റെ തണുപ്പും പുതച്ച് ജനം വിറങ്ങലിച്ച് കിടന്നു. വരാന്തയക്ക് കീഴേ ഒഴുകുന്ന കലക്കവെള്ളത്തിൽ കഫക്കഷണങ്ങളങ്ങോളമിങ്ങോളമൊഴുകിനടന്നു. മഞ്ഞപിത്തവും ഡെങ്കിപ്പനി തുടങ്ങിയ മഹാമാരികൾ പടർന്നുപിടിക്കുകയാണ്.ഏതുനിമിഷവുമുണ്ടായേക്കാവുന്ന ഒരു മേഘവിസ്ഫോടനത്തിനെന്നപോലെ മരണം ആശുപത്രികൾക്കും കുടിലുകൾക്കും മുകളിൽ കനത്തു നിന്നു.
പറമ്പിൽ മുട്ടൊപ്പം വെള്ളമാണ്..കിഴക്കേവീട്ടിലെ ചാണകക്കുഴിനിറഞ്ഞ് ഞങ്ങടെ മുറ്റത്തേക്കൊഴുകി.അഴുകിയ ഇലകളുടെയും ചാണകത്തിന്റെയും നാറ്റം തീൻ മേശവരെയുമെത്തി.നേരം വൈകിയാൽ അസഹനീയമായ കൊതുകുകടിയും.പത്രകാരൊച്ച വച്ചതിന്റെ പേരിൽ ആരോഗ്യപ്രവർത്തകരുടെ തലവെട്ടം എന്റെ പുരയിടത്തിലും കണ്ടു.വളരെ പെട്ടെന്നൊരു ബോധവൽക്കരണം നടത്തി ചെറിയ ചൂടുള്ള ഒരു ചായേം കുടിച്ച് ,മുട്ടൊപ്പം പാന്റ്സും ചുരുട്ടിവച്ച് ആരെയൊക്കെയൊ പ്രാകികൊണ്ട് അവർ മടങ്ങി.

“ടാ..ആ കക്കൂസൊന്ന് കോരണം കാലം കുറെയായി.ഈ മഴ ഇങ്ങനെ തുടരുമ്പൊ അത് നിറഞ്ഞാൽ ആകെ ഗുലുമാലാകും” അപ്പനാണതു പറഞ്ഞത്.ഞാനാലോചിചപ്പൊ ആ പറഞ്ഞത് ശരിയാണ് നാടൊട്ടുക്ക് പകർച്ചപനികൾ പലരൂപത്തിലാണ്.പോരാത്തേന് കോളനീൽ ഒന്ന് രണ്ട്പേരു മരിക്കുകവരെ ചെയ്തു.കക്കൂസ് ടാങ്ക് നിറഞ്ഞാൽ അപകടമാണ്. “പക്ഷേങ്കില് ഈ തോരാമഴയത്ത് പണീക്ക് ആളേകിട്ടണ്ടേ?അതും കക്കൂസ് കോരാനെന്നു പറഞ്ഞാ ഈ നാട്ടീന്നാരേ കിട്ടാനാ?” അമ്മ സന്ദേഹിച്ചു. “നീയാക്കൊടയിങ്ങെട്...തോർച്ച നോക്കി നിന്നാ കാര്യം നടക്കൂല ഞാൻ പുള്ളിമാൻ വരെയൊന്ന് പൊയ് നോക്കട്ടെ
വല്ല തമിഴമ്മാരേം കിട്ടുവോന്ന്” അപ്പൻ പുള്ളിമാൻ ജങ്ക്ഷനിലേക്ക് പോകാനുള്ള പുറപ്പടാണ്.“ ഡാ ഒറ്റക്ക് വിടണ്ട..നീയൂടെ ചെല്ല്”അമ്മ പറഞ്ഞു.

കർക്കിടകത്തണുപ്പിൽ ചുരുണ്ടുകിടക്കുന്ന മടിയനെ പോലെ പുള്ളിമാൻ അലസമായികിടന്നു.ആളനക്കങ്ങളൊന്നുമില്ല.വളരെ കുറച്ച് കടകൾ മാത്രം തുറന്നിരിക്കുന്നു.അസ്വസ്ഥമായ ഒരു തരം നിശബ്ദത,എന്റെ ചിന്ത പുള്ളിമാനെന്ന സ്ഥലനാമത്തിന്റെ മൂലം തേടിപ്പോയി.ഒരെത്തും പിടിയും കിട്ടുന്നില്ല.ഒടുവിൽ അപ്പനാണ് പറഞ്ഞത് ഏതോ വരുത്തൻ മാപ്പിളയ്ക്ക് പണ്ടൊരു ആട്ട് മില്ലൊണ്ടാരുന്നത്രേ..അവിടെ.കൊപ്രയാട്ടി എണ്ണയെയെടുക്കാനുള്ള സംവിധാനത്തിന്റെ വരവോടേ പടിഞ്ഞാറ്റതിലെ നായന്മാരുടെ ചക്ക് ചിതലരിച്ചു.കിളവൻ കാളയ്ക്ക് ശാപമോക്ഷവും കിട്ടി.ആ ജങ്ക്ഷനിലെ ആദ്യ സ്ഥാപനമായ ആ മില്ലിന്റെ പേരായിരുന്നൂ പുള്ളിമാൻ.വലിയ സങ്കീർണതകളില്ലാതെ പുള്ളിമാന്റെ ചരിത്രത്തിന്റെ കുരുക്കഴിഞ്ഞു ഭാഗ്യം.

ഒരൊറ്റ തമിഴനേം ആ പരിസരത്തൊന്നും കണ്ടില്ല.വടക്കോട്ടൊന്നു പോയി നോക്കാം അപ്പൻ പറഞ്ഞു.മഴ ചാറ്റലുണ്ട്.തെല്ലൊന്നാഞ്ഞ് നടന്നു.അപ്പനു പിന്നാലെ ഞാനും.സ്വന്തം വിസർജ്ജ്യം കോരാൻ മറ്റൊരുവനെ പണിക്കുവിളിക്കുന്നതിലെ ഉളുപ്പ് എന്നേ അസ്വസ്ഥനാക്കി.മനുഷ്യ വിസർജ്യത്തിന്റെ കാഴ്ചപോലും അറപ്പുളവാക്കുമ്പോൾ അതു കോരി മാറ്റി മണ്ണിട്ട് മൂടാൻ ഒരു തോഴിലാളിയെ തേടുകയെന്നത് എത്രകണ്ട് മ്ലേഛമാണ്.ഒരുതരം ചൂഷണത്തിനൊരുമ്പെടുകയാണല്ലോ.അന്യസംസ്ഥാന തൊഴിലാളിയാകുമ്പോ പെട്ടെന്ന് ചൂഷണം ചെയ്യാം എന്നെ സാമാന്യ ധാരണയാണല്ലോ ഈ അന്വേഷണത്തിന് പ്രേരിപ്പിച്ചത്.എന്നിലെ മനുഷ്യ സ്നേഹിയും കമ്മ്യുണിസവുമൊക്കെ എന്നോട് സംവദിച്ചു.എങ്കിലും പകർച്ചവ്യാധിയേക്കുറിച്ചും മലത്തിന്റെ നാറ്റവുമോർത്തപ്പോൾ ഞാൻ എന്റെ ചിന്തകൾക്ക് മേലൊരടപ്പിട്ടിട്ട് ആഞ്ഞ് നടന്നു.

മങ്ങാടന്റെ പലചരക്ക്കട ഇനിയും തുറന്നിട്ടില്ല.ദെങ്കിയാണത്ത്രേ.അല്പം മോശമാണത്ത്രെ കണ്ടീഷൻ.എന്തായാലും മഴകനത്തപ്പൊ ഒന്ന് കേറിനിക്കാൻ തോന്നിയത് നന്നായി.ചെന്നപ്പൊ അവിടെ കിടക്കുന്നു ഒരു തമിഴയനും ഒരു തമിഴത്തീം.ഞങ്ങളെ കണ്ടപ്പൊ അവൻ തുറിച്ച് നോക്കികൊണ്ടെണീറ്റു.ആ ശരീരങ്ങൾ വെള്ളം നനഞ്ഞിട്ട് നാളുകളായിട്ടുണ്ടാകണം.ഒന്ന് രണ്ട് പാണ്ടകെട്ട്കളുമുണ്ട്.ചെമ്പിച്ച് പാറിയ മുടിയിൽ തൂവാനതുള്ളികൾ പറ്റിയിരുന്നു.പാണ്ടകെട്ടും ഉടുതുണിയുമെല്ലാം പെശിരടിച്ചിട്ട് പൂത്ത് നാറാൻ തുടങ്ങിയിരുന്നു.
“കക്കൂസൊന്ന് കോരണം” അപ്പൻ പറഞ്ഞു.തമിഴൻ തലകുലുക്കി.പിന്നേന്ന് രാവിലെ അവനും അമ്മയുംകൂടി വരാമെന്ന് തമിഴൻ സമ്മതിച്ചു.പിന്നെ അല്പം കാശ് അദ്വാ‍ൻസായിറട്ട് കൊടുക്കണമെന്നും പറഞ്ഞു.ഈ ജോലിചെയ്യാൻ പച്ചയ്ക്ക് പറ്റൂലല്ലോ അത്കൊണ്ട് അല്പം രണ്ടുപേർക്കും അകത്താക്കാനാണ് അദ്വാൻസ്.തമിഴൻ പൊയിലക്കറപിടിച്ച പല്ല് കാട്ടി ചിരിച്ചു. അപ്പൻ ഇരുനൂറ് റുപ്യ കൊടുത്തിട്ട് നടന്നു.ശരിയാണ് ഇത്തരം പണി സ്വബോധത്തോടെ എങ്ങനെ ചെയ്യാനാണ്.

ഭാഗ്യത്തിനു രാവിലെ പെയ്തെങ്കിലും പത്ത്മണിയായപ്പൊഴക്കും ഇത്തിരി തോർച്ചയുണ്ടാർന്നു.ബിവറേജ് തൊറന്ന് സാധനം വാങ്ങി ചെലുത്തിയിട്ട് ഒരു പതിനൊന്ന് മണിയോടേ തമിഴനും തള്ളയുമെത്തി. അധികം സംസാരത്തിന് നിൽക്കാതെ അവർ ജോലിയിൽ വ്യാപ്രിതരായി.
............................................................................................................................................................................................................................................................................................
വിയർപ്പിലും മഴചാറ്റലിലും കുതിർന്ന് രണ്ട് കറുത്തശരീരങ്ങൾ .അത്രകണ്ട് ശ്രദ്ധിക്കപ്പെടാനേതുമില്ലാതെ ജോലിചെയ്യുന്നു.ഇടയ്ക്ക് തമിഴ്ന്റെ പച്ചത്തെറിവിളിയും കേൾക്കാം.ആ സ്ത്രീയും മോശമല്ല തിരിച്ചും മറുപടികൊടുക്കുന്നുണ്ട്.ഇടയ്ക്ക് ഉടുമുണ്ടുയർത്തി കാക്കി നിറമുള്ള അണ്ടർവയരിന്റെ പോക്കറ്റിൽ നിന്ന് ഒരു പേനക്കത്തിയെടുക്കും അറ്റം തിളങ്ങുന്ന ആ കത്തികോണ്ട് പാക്കിന്റെ തോണ്ട് കളയും എണ്ണിട്ട് വിശാലമായി മുറുക്കും.ചുണ്ടിനിടയിലൂ‍ടെ ചോരകണക്കെ ആ തുപ്പൽ ഒലിച്ചിറങ്ങും.ആ കാഴ്ച അവസാനിക്കുന്നതിനു തൊട്ടു മുൻപ് എവിടെനിന്നോ ദിശതെറ്റിയ ഒരു ചിന്ത എന്റെ മനസിലേക്ക് കയറി.
തവിട്ട്നിറം പടർന്ന തലമുടി വിയർപ്പിന്റെ പശിമയിൽ ആ കവിളിലൊട്ടിയും,പിന്നെ അവിടവിടെയായി പറന്നും കിടന്നു.ഇടിവുതട്ടാത്ത മാറിടങ്ങൾ.അധികം ഞൊറിവുകൾ വീണിട്ടില്ലാത്ത  കറുത്ത വയർ...ഈ സ്ത്രീ അവന്റെ അമ്മയോ.?
പിന്നീടുള്ള കണ്ണേറുകൾ സൂക്ഷ്മമായിരുന്നു.അവരുടെ ഓരൊ നോട്ടത്തിലും സംസാരത്തിലും എന്റെ സംശയകണ്ണ്കളെത്തി.എന്റെ നിഗമനങ്ങളിൽ ശങ്കിച്ച്നിൽക്കാതെ  കാഴ്ചകൾ മിന്നിമറഞ്ഞുപോയി.

പണികഴിഞ്ഞ് വന്നവർക്ക് കുളിക്കാൻ അമ്മ എണ്ണകൊടുത്തു.തലനിറയെ കാച്ചെണ്ണ തേച്ച് അവർ കുളിപ്പുരയിലേക്ക് നീങ്ങി.അങ്ങോട്ടേക്ക് പോകാൻ എനിക്ക് അനുവാദമില്ലായിരുന്നു.എന്റെ മുറിയുടെ ചുവരുകൾക്കുള്ളിൽ വൈകുന്നേരത്തേ ചായയേക്കാൾ ആവിപറക്കുന്ന ഒരു ചോദ്യവുമായി ഞാനിരുന്നു.കുളിപ്പുരയിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കാമിപ്പോൾ.എന്തിനാ‍ണാ തമിഴൻ കള്ളം പറഞ്ഞത്.ഞാനേതാണ്ട് ഉറപ്പിച്ച് കഴിഞ്ഞിരുന്നപോലെ ആയിരുന്നു പിന്നീടുള്ള ചിന്തകളുടെ പോക്ക്.അവൾ അവന്റെ അമ്മയല്ല.പിന്നെ? ഭാര്യയാണെങ്കിൽ എന്തിനതു മറച്ചുവയ്ക്കണം?.എന്തോ ഒരു സമസ്യരൂപംകൊണ്ടു.

എന്റെ സംശയം ഞാൻ അമ്മയോട് പങ്കുവച്ചു.അമ്മയും ഇതു തന്നെ ചിന്തിച്ചിരുന്നത്രേ.
കുളികഴിഞ്ഞ് തമിഴൻ അടുക്കളപ്പുറത്തേത്തി.സോപ്പിന്റെ മണം നിക്ഷ്പ്രഭമാക്കി റമ്മിന്റെ ഗന്ധം പരന്നു. ചായ ഗ്ലാസിനൊപ്പം അമ്മ ഒരു ചോദ്യവും തമിഴനു നേർക്കു നീട്ടി.
“എതാണാ സ്ത്രീ.?“ അവനൊന്ന് പരുങ്ങി .പൊയിലക്കറ പാണ്ട്പിടിപ്പിച്ച ആ മലർന്ന ചുണ്ടൊന്ന് തുടച്ചിട്ട് പറഞ്ഞു. “ഏൻ പൊണ്ടാട്ടി”.
ചൂടുള്ള സമസ്യക്കൊരറുതി വേണമല്ലോ..അവൻ പിന്നെ എന്തിനു “അമ്മ”എന്ന് കള്ളം പറഞ്ഞു.ആ ചൊദ്യമെറിഞ്ഞത് ഞാനായിരുന്നു.അതിനു തമിഴൻ മറുപടി പറഞ്ഞു. ഒരു കനത്ത നിശബ്ദതയായിരുന്നു പിന്നീട്.ആർക്കുമൊന്നും മിണ്ടാൻ കഴിയാത്തപോലെ. തമിഴന്റെ മറുപടി ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു..............................................................................................................................................“കടത്തിണ്ണയിൽ കിടക്കുന്നവരാണമ്മാ...അവളെ ഒരുക്കികൊണ്ട് നടന്നാൽ വിശ്വസിച്ച് ഒറങ്ങാൻ പറ്റുകില്ല.അമ്മയാന്ന് പറഞ്ഞാ അത്രയ്ക്കോരു നോട്ടം ആ വഴിക്ക് വരികേല.അവളെ ഞാൻ കുളിക്കാൻ സമ്മതിക്കാറില്ല.”........ആ നിശബ്ദതയിക്കിടയിലൂടെ പണവും വാങ്ങി അവർ നീങ്ങി. ഇപ്പൊ ഞാൻ കണ്ട ചെമ്പിച്ച മുടിയില്ല അറപ്പിക്കുന്ന ഗന്ധമില്ല  അവൾ ഒരുപാട്സുന്ദരിയായിരിക്കുന്നു...
..............................................................................................
അവന്റെ നെഞ്ചിടിക്കുന്നുണ്ടാകും.അവൻ ചുറ്റും പരതുന്നുണ്ടാകും തന്റെ പെണ്ണിന്നു നേർക്ക് നീളുന്ന കണ്ണുകളെ.“കഷ്ടം” എന്റെ അമ്മയുടെ ഒരു നെടുവീർപ്പിൽ അവസാനിക്കുന്നതായിരുന്നില്ല ആ ഞെട്ടൽ.തലചായ്ക്കാനൊരു കൂരയില്ലാത്തവരുടെ ഉള്ളിലെ ഭയം.ആ കാക്കി നിക്കറിനുള്ളിലൊളിപ്പിച്ച പേനാക്കത്തിയുടെ വായ്ത്തലയിൽ സ്വന്തം പെണ്ണിന്റെ മാനം കാത്ത് ഉറങ്ങാതെ കിടക്കുന്ന തമിഴനായിരുന്നു എന്റെ മനസുനിറയെ.അവന്റെ ഭയം ഞാനറിഞ്ഞു.


Comments

  1. തെരുവിലെ മക്കളുടെ പ്രശ്നവും, അവിടെ കഴിയുന്ന സഹോദരിമാരുടെ സംരക്ഷണം എന്നിവ ഇന്നിന്റെ ഈ കാമഭ്രാന്തിൽ നിന്നും എങ്ങനെ എന്ന ചോദ്യവും പറയാതെ പറയുന്നുണ്ട്

    ആശംസകൾ

    ReplyDelete

Post a Comment

Popular posts from this blog

ചാന്ദിനി എന്ന അരവാണി

A Trip to the Land of Brahma Kamal

ഓർമ്മകളിലെ ലക്ഷ്മി